Sunday 8 January 2012

ആരവല്ലി മലനിരകളിലെ രണ്ടാഴ്ച ..





മൌണ്ട്  അബു...രാജസ്ഥാനിലെ ഒരേയൊരു ഹില്‍ സ്തേഷന്‍...ആരവല്ലി പര്‍വത നിരകളില്‍ ഏകദേശം 1700  മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ദില്ലി അഹമ്മദബാദ്  റൂട്ടില്‍ അബു റോഡ്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 29  കി മി ദൂരെ  രാജസ്ഥാന്‍ ഗുജറാത്ത്  അതിര്‍ത്തിയിലാണ്  മൌണ്ട്  അബു സ്ഥിതി ചെയ്യുന്നത്. അര്‍ബുധാഞ്ചല്‍  എന്നായിരുന്നു പൌരാണിക നാമദേയം. നവംബര്‍ മാസത്തിന്റെ അവസാനം നല്ല മൂടല്‍ മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥ. തലേന്ന് വൈകുന്നേരത്തെ രാജധാനിയില്‍ പുറപ്പെട്ടു രാവിലെ അബു റോഡില്‍ എത്തി.ഏതാണ്ട് ഉച്ചയായപ്പോളേക്കും മൌണ്ട്  അബുവില്‍ .ഇനി ഒരു രണ്ടാഴ്ചക്കാലം ഈ കാലാവസ്ഥയും ആസ്വദിച്ചു കാഴ്ചകളും കണ്ടു കഴിയാം.മൌണ്ട്  അബുവിലെ ഏറ്റവും പ്രശസ്ഥമായ കാഴ്ചയാണ് നക്കി ലേക്ക് ..നാല് വശവും  മലനിരകളാല്‍ ചുറ്റപ്പെട്ട മനോഹരമായ കാഴ്ച ...





ദേവന്മാരെല്ലാവരും കൂടി തങ്ങളുടെ നഖം കൊണ്ട് കുഴിച്ചുണ്ടാക്കിയതാണ്ത്രെ  ഈ തടാകം.  അത് കൊണ്ടാണ് നക്കി എന്ന പേര്. നഖത്തിന്  ദേവനാഗരിയില്‍ നഖ് എന്നാണല്ലോ പറയുന്നത്. ഇപ്പോള്‍ ബോട്ടിങ്ങിനും ചെറിയ ഷോപ്പിങ്ങിനും  പിന്നെ പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ചു കൊണ്ട് ഫോട്ടോ എടുക്കാനുള്ള അവസരവും ഇവിടുണ്ട്.നക്കി ലേക്കിനു ചുറ്റും നല്ലൊരു ജോഗ്ഗിംഗ് ട്രാക്കും ഉണ്ട്. പലപ്പോഴും രാവിലെയുള്ള നടത്തത്തിനിടയില്‍ വിദേശികളും സ്വദേശികളും ആയ പലരെയും കാണാറുണ്ടായിരുന്നു. എടുത്തു പറയേണ്ട ഒരു കാഴ്ച  നല്ല തൂവെള്ള വസ്ത്രം ധരിച്ച സ്ത്രീകളും പുരുഷന്മാരും ആണ്. പിന്നീടുള്ള അന്വേഷ ണ ത്തിലാണറിഞ്ഞത് അവരെല്ലാം ബ്രഹ്മകുമാരി സന്സ്ഥാനിലെ അന്തേവാസികളാണ്  പോലും .നക്കി തടാക ത്തിലേയ്ക്ക് നോക്കിയിരിക്കുന്ന ഒരു ആമയുടെ ആകൃതിയിലുള്ള ഒരു പാറയാണ് ഇവിടുത്തെ  മറ്റൊരു ആകര്‍ഷണം.ട്ടോദ് റോക് എന്നാണതിന്റെ പേര്‍.
 


ദില്‍വാര ജൈന ക്ഷേത്രം ... സിറ്റിയില്‍ നിന്നും 2 .5  കി മി ദൂരെ
ദില്‍വാര  ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. 11  ആം ശതകത്തില്‍  വെളുത്ത മാര്‍ബിളില്‍   പണികഴിപ്പിച്ച  അഞ്ചു ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണിത്. ആദിനാഥ്ജി ക്ഷേത്രം,നേമിനാഥ്ജി ക്ഷേത്രം,രിശഭ് ദേവ്ജി ക്ഷേത്രം,പരസ്നാഥ്ജി ക്ഷേത്രം , മഹാവീര്‍ സ്വാമിജി ക്ഷേത്രം എന്നിവയാണിവ. ശില്പകലയുടെയും കൊത്തുപണിയുടെയും മകുടോദാഹരണങ്ങളാണ് ഇവ. ജൈന തീര്‍ത്ഥങ്കരന്മാരുടെ ജീവിത ചരിത്രം ക്ഷേത്രത്തിന്റെ ചുവരുകളില്‍ കൊത്തിവെച്ചിരിയ്ക്കുന്നു. ഇനി ബാക്കി  ചിത്രങ്ങള്‍ പറയട്ടെ.




 



 


ഗുരു ശിഖര്‍ ....5676  അടി ഉയരത്തില്‍ സിറ്റിയില്‍ നിന്നും 15  കി മി ദൂരെ യാണ് രാജസ്ഥാനിലെ തന്നെ എറ്റവും ഉയരം കൂടിയ ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.മഹാ വിഷ്ണുവിന്റെ അവതാരമായ ദത്താത്രേയ മുനിയുടെ ഒരു ക്ഷേത്രം ഇവിടെയുണ്ട്. ഇവിടെയുള്ള ഒരു ഗുഹയ്ക്കുള്ളില്‍ തന്റെ പാദസ്പര്‍ശം  നടത്തിയത് കൊണ്ടാണത്രേ ഇവിടം ഗുരു ശിഖര്‍ എന്നറിയ പ്പെടാന്‍  തുടങ്ങിയത്.1411   ല്‍ പണികഴിപ്പിച്ച സാമാന്യം വലിയ ഒരു മണി ഇവിടെക്കാണം.അതിന്റെ ശബ്ദം കി മി അകലെ വരെ മുഴങ്ങി കേള്‍ക്കും പോലും. നമ്മുടെ പൊന്മുടിയെ അനുസ്മരിപ്പിയ്ക്കുന്ന തരത്തില്‍ ഇവിടെ എപ്പോഴും  തണുത്ത കാറ്റടിച്ചു കൊണ്ടേയിരിയ്ക്കുന്നു .







 


നക്കി ലേക്കിന്റെ തെക്ക് പടിഞ്ഞാറ് ദിക്കിലാണ് സണ്‍സെറ്റ് പോയിന്റ്‌ സ്ഥിതി ചെയ്യുന്നത്. സൂര്യസ്തമനത്തിന്റെ സമയത്ത് നൂറു കണക്കിനാളുകളാണ് ഇവിടെ തടിച്ചു കൂടുന്നത്. അത് കൊണ്ട് തന്നെ  വളരെയധികം ഭോജനശാലകളും സുവനീര്‍ ഷോപ്പുകളും ഇവിടെയുണ്ട്.എല്ലാം കൂടി ഒരു കാര്‍ണിവലിന്റെ പ്രതീതി.
 


അന്ദര പോയിന്റ്‌ അഥവാ ഹണി മൂണ്‍ പോയിന്റ്‌...പ്രകൃതി തന്നെ പണിത ഒരു സ്ത്രീയുടെയും പുരുഷന്റെയും ആകൃതിയിലുള്ള പാറകളാണ് ഇവിടുത്തെ ആകര്‍ഷണം.ഉയരത്തില്‍ നിന്ന് താഴേക്കുള്ള അവാച്യമായ കാഴ്ച കാരണം ഇവിടെയ്ക്ക് വരുന്ന സഞ്ചാരികളില്‍ കൂടുതലും മധു വിധു ആഘോഷിയ്ക്കുന്നവരാണ്  .അത്കൊണ്ട് തന്നെ ഇവിടം
ഹണി മൂണ്‍ പോയിന്റ്‌ എന്നും അറിയപ്പെടുന്നു.
 


ഗോമുഖ് ക്ഷേത്രം ....
സിറ്റിയില്‍ നിന്ന് ഏതാണ്ട് 6  കി മി ദൂരെയായി 700  ല്‍ പ്പരം പടികളിലൂടെ താഴേക്കിറങ്ങി വേണം അവിടെയെത്തി ചേരാന്‍.പടികളി  റ  ങ്ങാന്‍ തുടങ്ങിയപ്പോള്‍ കൈയിലുള്ള മൊബൈലില്‍ രാജസ്ഥാന്‍ ടെലികോം  നെറ്റ് വര്‍ക്ക്‌ ആയിരുന്നു കാണിച്ചിരുന്നത് എന്നാല്‍  താഴെ എത്തിയപ്പോള്‍ ഗുജറാത്ത്‌ ടെലികോം നെറ്റ്‌വര്‍ക്ക് കിട്ടിത്തുടങ്ങി. വെള്ള മാര്‍ബിളില്‍ ഉണ്ടാക്കിയ ഒരു ഗോമുഖതിലൂടെ ഒരു ചെറിയ നീരുറവ   ഒഴുകി വരുന്നത് ഇവിടെ കാണാം. ഭൂമിയ്ക്കടിയിലൂടെ ഒഴുകുന്ന സരസ്വതി നദിയത്രെ  ഇത്. പൌരാണിക കാലത്തെ രണ്ടു മഹാഋഷിമാരില്‍ ഒരാളായ  വസിഷ്ഠ മഹര്‍ഷിയുടെ   ആശ്രമം ഇതിനടുത്തായാണ്  സ്ഥിതി ചെയ്യുന്നത് .ഭൂമിക്കടിയിലൂടെ ഒഴുകുന്ന സരസ്വതി നദി ഇവിടെ പ്രത്യക്ഷ പ്പെട്ടതിന്റെ പിന്നില്‍ ഒരു കഥ കൂടിയുണ്ട്. വിശ്വാമിത്ര മഹര്‍ഷിയും വസിഷ്ഠ  മഹര്‍ഷിയും  തമ്മില്‍ അതിഭൌധികതയെ പറ്റി  നടന്ന വാഗ്വാദത്തില്‍ സരസ്വതി വസിഷ്ഠ മുനിയുടെ പക്ഷം ചേര്‍ന്ന് പോലും.ഇത് കണ്ട വിശ്വാമിത്രന്‍ സരസ്വതി കളങ്കിതയായി തീരട്ടെയെന്ന്  ശപിച്ചു. പിന്നീടു ഇതറിഞ്ഞ വസിഷ്ഠമഹര്‍ഷി സരസ്വതിയോട് തന്റെ ആശ്രമത്തിനടുത്തു കൂടി ഒഴുകിയാല്‍ ശാപമോക്ഷം കിട്ടുമെന്ന് ഒരു വരം കൊടുത്തു.അങ്ങിനെയാണ് സരസ്വതി ആശ്രമത്തിനടുത്തു കൂടി ഒഴുകാന്‍ തുടങ്ങിയതത്രെ. പിന്നീടു വിശ്വാസിയായ ഒരു രാജാവാണ് ഗോമുഖത്തിന്റെ  ആകൃതിയില്‍ ഒരു കുഴല്‍ അവിടെ സ്ഥാപിച്ചത്.





 അര്‍ബുധാഞ്ചല്‍  എന്നാ  പൌരാണിക നാമധേയത്തിനു പിന്നിലും വസിഷ്ഠ അശ്രമത്തിനോടനുബന്ധിച്ച ഒരു കഥയുണ്ട്.

പൌരാണിക കാലത്ത് ഇവിടം മഹാമുനിമാരുടെ വിഹാര കേന്ദ്രമായിരുന്നു. വസിഷ്ഠ മുനി ഭൂമിയെ അസുരന്മാരില്‍ നിന്ന് രക്ഷിയ്ക്കുന്നതിനായി മഹായാഗം നടത്തി നാല് അഗ്നി കുലങ്ങളെ സൃഷ്ടിച്ചത് ഇവിടെ വെച്ചായിരുന്നു. വസിഷ്ഠ മുനിയുടെ ആശ്രമത്തിലെ ഗോമതാവ് നന്ദിനി ഒരിയ്ക്കല്‍ മേയുന്നതിനിടയില്‍ ഒരു അഗാധ ഗര്‍ത്തത്തില്‍ വീഴുകയും സ്വയം രക്ഷപെടാന്‍ പറ്റാതാവുകയും ചെയ്തു. ഇതറിഞ്ഞ വസിഷ്ഠ മുനി പരമ ശിവനോട് സഹായം അഭ്യര്‍ഥിച്ചു ...പരമശിവന്‍ ഉടനെ തന്നെ സരസ്വതി നദിയെ ദൌത്യം ഏല്‍പ്പിക്കുകയും സരസ്വതി ഗര്‍ത്തത്തിലേയ്ക്ക് ഒഴുകുകയും ചെയ്തു.അങ്ങിനെ നന്ദിനി തനിയെ മുകളിലേയ്ക്ക് പൊങ്ങി വന്നു.ഈ സംഭവത്തിനു ശേഷം ആ അഗാധ ഗര്‍ത്തം അടയ്ക്കുന്നതിനായി ഹിമവാന്റെ പുത്രനെ ഏല്‍പ്പിച്ചു. ഹിമവാന്റെ പുത്രന്‍ അര്‍ഭുധ എന്ന ഒരു  സര്‍പ്പത്തിന്റെ സഹായത്തോടെ ആ കൃത്യം നിര്‍വഹിച്ചു. പിന്നീടു സര്‍പ്പത്തിന്റെ ആവശ്യ പ്രകാരം ആ സ്ഥലം അര്‍ഭുധാഞ്ചല്‍ എന്നറിയപ്പെട്ടു. ദേവനാഗരിയിലുള്ള പേര്  നാവിനു വഴങ്ങാത്ത ബ്രിട്ടീഷ്കാരാണ്  പിന്നീട്  മൌണ്ട് അബു എന്ന പേര് പ്രചരിപ്പിച്ചത്.

രണ്ടാഴ്ചത്തെ മൌണ്ട് അബു ജീവിതത്തില്‍ എറ്റവും നന്നായി തോന്നിയത് ഒരു ദിവസം രാവിലെ നടത്തിയ ട്രെക്കിംഗ് തന്നെയായിരുന്നു.പല ദൂരത്തില്‍ പല തരത്തിലുമുള്ള വന വകുപ്പിന്റെ അന്ഗീകാരമുള്ള ഏതാണ്ട് 16  ഓളം  ട്രെക്കിംഗ്   സൗകര്യം
ഇവിടെ ഉണ്ട്.രാവിലെ തന്നെ സ്പോര്‍ട്സ് ഷൂവും ട്രാക്ക് സൂട്ടും ഒക്കെയായി ഇറങ്ങി.കുറെയധികം ട്രെക്കിംഗ് റൂട്ടുകള്‍ ഉള്ളതില്‍ എറ്റവും സൌകര്യപ്രദമായത് തന്നെ തിരഞ്ഞെടുത്തു..ഈ വഴികളെപ്പറ്റി എല്ലാം അറിയാവുന്ന ഒരാളെ കൂടെ കൂട്ടി..ഏതാണ്ട് 7  കി മി ഓളം ദൈര്‍ഘ്യമുള്ള ട്രെക്കിംഗ്. കിളികളുടെ കൂജനവും മന്ദമാരുതന്റെ തലോടലും ഏറ്റു രാവിലെയുള്ള നടത്തം.കുറെ കയറ്റവും പിന്നെ കുറെ ഇറക്കവും എല്ലാം കൂടി കലര്‍ന്ന ഒരു മോര്‍ണിംഗ്  വാക്ക് ..ഇടയ്ക്ക് ഉയര്‍ന്ന പ്രദേശത്തെത്തിയപ്പോള്‍ ഉദിച്ചുയരുന്ന കതിരവനെ കാണായി...മനം കുളിര്‍പ്പിയ്ക്കുന്ന കാഴ്ച തന്നെ.കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍ താഴെ കൈകുടന്നയിലെന്ന പോലെ നക്കി ലേക്ക് കാണാറായി. എന്നാലും ഏതാണ്ട് രണ്ടു മണിക്കൂറുകളോളം നീണ്ടു നിന്ന ട്രെക്കിംഗ് കഴിഞ്ഞു വന്നപ്പോള്‍ പുതിയൊരു ഊര്‍ജസ്വലത കൈ വന്നത് പോലെ തോന്നി.
 
അച്ഛല്‍ ഗഡ് ...
സിറ്റിയില്‍ നിന്ന് ഏതാണ്ട് 8  കി മി ദൂരെയായി സ്ഥിതി ചെയ്യുന്നു. മേവാടിന്റെ രാജാവായ റാണകുംഭ പതിനാലാം ശതകത്തില്‍ പണികഴിപ്പിച്ച ഒരു കോട്ടയും കുറെ ജൈന ക്ഷേത്രങ്ങളും പിന്നെ അച്ഛലേസ്വര്‍ മഹാദേവഷേത്രവും ആണ് ഇവിടെയുള്ളത്. മഹാദേവ ക്ഷേത്രത്തില്‍ പഞ്ചലോഹത്തില്‍ പണികഴിപ്പിച്ച ഒരു വലിയ നന്ദി പ്രതിമയും ഉണ്ട്.
 


ഗുജറാത്തില്‍ മദ്യനിരോധനം ആയതു കൊണ്ട് മദ്യസേവയ്ക്കായി ഗുജറാത്തില്‍ നിന്നും വളരെയധികം ആളുകള്‍ ഇവിടെ വരുന്നുണ്ട് പോലും. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്ന പോലെ
മൌണ്ട് അബുവില്‍ വന്നാല്‍ മനസ്സമാധാനമായിട്ടു കള്ള് കുടിയ്ക്കാം പിന്നീ ഹില്‍സ്തേഷനിലെ കാഴ്ചകള്‍ കാണുകയും ചെയ്യാം.അത്കൊണ്ട് തന്നെ  അവിടെ കണ്ട രസകരമായ കാഴ്ച ..... അടുത്ത് കാണുന്ന വൈന്‍ ഷോപ്പില്‍ നിന്ന് കള്ള് കുപ്പിയും വാങ്ങി കുടുംബാംഗങ്ങളോടൊപ്പം  അവിടെ തന്നെയുള്ള ഭോജനശാലകളില്‍  പോയിരുന്നു  ഭക്ഷണത്തിന്റെ കൂടെ അതും സേവിയ്ക്കുന്ന കാഴ്ച ഒരുമാതിരി  എല്ലായിടത്തും കണ്ടു. 

പ്രജാപിത ബ്രഹ്മകുമാരിസ് സംസ്ഥാനിന്റെ ആസ്ഥാനവും ഇവിടെയാണ്. ഗ്യാന്‍ സരോവര്‍ എന്ന പേരില്‍ ഒരു മനോഹരമായ കാമ്പസ്സില്‍ അതിലും മനോഹരമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഒരു വിശ്വവിദ്യാലയം  അവരുടേതായി ഇവിടെ സ്ഥിതി ചെയ്യുന്നു. ബ്രഹ്മകുമാരീസിന്റെ ആദര്‍ശങ്ങളെപ്പറ്റിയും തത്വങ്ങളെപ്പറ്റിയും ഉള്ള നല്ലൊരു അവഗാഹം ഇവിടം സന്ദര്‍ശിച്ചാല്‍ ലഭിയ്ക്കും. ഒരു ദിവസം മുഴുവനും അവിടുത്തെ കാഴ്ചക ളും മള്‍ടിമീഡിയ അവതരണങ്ങളും ഒക്കെ   കണ്ടു ചുറ്റി നടന്നെങ്കിലും ഒന്നും മുഴുവനായി അങ്ങോട്ട്‌ മനസ്സിലാക്കാന്‍ സാധിച്ചില്ല. ഒരു പക്ഷെ  ഇങ്ങിനെയുള്ള പുതു ജീവിതരീതികളോടും ആദര്‍ശങ്ങളോടും താല്പര്യമില്ലത്തത് കൊണ്ടായിരിയ്ക്കാമത്.




ഇതിലുമൊക്കെ ഉപരിയായി  രാജസ്ഥാനിലെ പല നാട്ടു രാജാക്കന്മാരുടെയും ഗ്രീഷ്മ കാല വസതികളും സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു പ്രൌഡ ഗംഭീരമായ ഓഫീസും കേന്ദ്രീയ പോലീസിന്റെ ആന്തരിക സുരക്ഷ പരിശീലനകേന്ദ്രവും എല്ലാം ഇവിടെ സ്ഥിതി ചെയ്യുന്നു. 








4 comments:

  1. മൗണ്ട് അബുവിനെക്കുറിച്ച് ഒരിയ്ക്കൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കാര്യമായ കാഴ്ചകൾ ഒന്നും തന്നെ ഇല്ലെന്നായിരുന്നു..ഈ പോസ്റ്റ് വായിച്ചപ്പോഴാണ് ഇത്രയും മനോഹരമായ കാഴ്ചകൾ അവിടെ ഉണ്ടെന്ന് മനസ്സിലായത്. ഇങ്ങനെയുള്ള വിവരണങ്ങൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു..ആശംസകൾ.

    ReplyDelete
  2. വേർഡ് വേരിഫിക്കേഷൻ മൂലം അഭിപ്രായം എഴുതുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു..അത് നീക്കം ചെയ്താൽ നന്നായിരുന്നു.

    ReplyDelete
  3. ഒരിക്കൽ പോയി നിരാശനായി മടങ്ങിയിട്ടുണ്ട്. അതിന് കാരണം പലതായിരുന്നു. ഭയങ്കര തിരക്ക്, നിന്ന് തിരിയാൻ പറ്റിയില്ല, താമസിക്കാൻ ഇടം കിട്ടിയില്ല. ഹിൽ സ്റ്റേഷനായിട്ടും പച്ചപ്പും തണുപ്പും ഒന്നുമില്ലായിരുന്നു. അതുകൊണ്ട് പെട്ടെന്ന് തിരിച്ചിറങ്ങിപ്പോരുകയായിരുന്നു. എന്തായാലും മൌണ്ട് അബുവിനെ പുരാണകഥകൾ സഹിതം വിശദമായി പരിചയപ്പെടുത്തിയതിന് കാവൂട്ടിക്ക് നന്ദി.

    @ ഷിബു തോവാള - എന്റെ ബ്ലോഗിൽ ഒരു മൌണ്ട് അബു യാത്രാവിവരണം എഴുതി ഇട്ടിരുന്നു. അത് വായിച്ചിട്ടാണ് നെഗറ്റീവ് അഭിപ്രായം ഉണ്ടായതെങ്കിൽ, എനിക്കെതിരെ കേസ് കൊടുക്കരുത് :):)

    ReplyDelete